കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓർമകളിൽ നിറഞ്ഞാടി ഇന്ന് കണ്ണെങ്കാവ് പൂരം

"മകരത്തിലെ മുപ്പെട്ടു വെള്ളിക്ക് കണ്ണേങ്കാവിലെ പൂരം...!"

           ജെനു മൂക്കുതല

    കായലോരത്തെ ചിരപുരാതന കുടുംബക്ഷേത്രത്തിൽ നിന്നും ചെണ്ടയുടെ ചടുലമായ താളപ്പെരുക്കം തണുത്ത കായലോളങ്ങളെ തഴുകിയലഞ്ഞ കാറ്റിൽ ഗ്രാമദൂരങ്ങൾ പിന്നിട്ടു...
     
    അലയൊലിയെ അനുഗമിച്ച് 
    കുട്ടികൾ കൂട്ടത്തോടെയോടി... ഗ്രാമവീഥികൾ ഉണർന്നു...
     
    മകരമാസത്തിലെ
    "മുപ്പെട്ടു വെള്ളിക്ക് കണ്ണേങ്കാവിലെ പൂരം..."

    തട്ടകത്തിലെ കുട്ടികളുടെ മനക്കോട്ടകൾക്കുള്ള മൂക്കൻചാത്തന്റെ പൂരവിളംബരവും അമ്പലത്തിലെ കൊടിയേറ്റവും കഴിഞ്ഞാൽ പിന്നെ ആർക്കും തട്ടകം വിട്ട് പോയി പാർക്കാനാവില്ല എന്നാണ് പഴമക്കാരുടെ പ്രമാണം...!
    അഥവാ ആരെങ്കിലും ആചാരലംഘനം നടത്തിയാൽ ഉഗ്രപ്രഭാവിയായ ദേവീ കോപം തീർച്ചയാണെന്നാണ് പഴമക്കാർ അനുഭവസഹിതം പറഞ്ഞുഫലിപ്പിക്കാറുള്ളത്...!

    ദേവീ പ്രീതിക്കും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമായി തട്ടകത്തിലമ്മക്ക് ഉപാസകർ മനസ്സുരുകി നേരുന്ന വഴിപാടുകൾ ഏറെയാണ്:
    പൂരപ്പുറപ്പാടിന് മാസങ്ങൾക്കുമുൻപായി രാത്രികാലങ്ങളെ ജനസാന്ദ്രമാക്കുന്ന തായമ്പകയുടെ ഹൃദ്യമേളകൊഴുപ്പും, കളംപാട്ടും, ക്ഷേത്ര വെളിച്ചപ്പാടിന്റെ അകമ്പടിയോടെ, വ്രതാനുഷ്ഠരായ നൂറുകണക്കിന് സ്ത്രീകൾ തെളിദീപവും കയ്യിലേന്തി വരി നിറയുന്ന രാത്രി ഏറെ വൈകിയുള്ള പതിനാറാലവും ക്ഷേത്രത്തിലെ നിത്യകാഴ്ച്ചകളാണ്...

    പൂരനാളിൽ രാവ് പുലരുന്നതിനു മുൻപ് തുടങ്ങുന്ന പറനിറപ്പ്;
    തട്ടകത്തിൽ താമസക്കാരനായി വന്ന ഐരൂക്കാരൻ രാവുണ്ണ്യേട്ടൻ പതിറ്റാണ്ടുകൾക്ക് മുൻപ്
    നെല്ല് കഴുകിയുണക്കി ദേവിക്ക് സമർപ്പിച്ച ഒരു പറയിൽ തുടങ്ങിവെച്ചതാണ് ഇന്ന് ആയിരത്തോളമായി എത്തിനിൽക്കുന്നത്...! ഐരൂക്കാരൻ രാവുണ്ണ്യേട്ടൻ കാലാവശേഷനായെങ്കിലും പതിറ്റാണ്ടുകൾക്കിപ്പുറവും ആദ്യ പറനിറവിന്റെ അവകാശം ആ കുടുംബത്തിനുള്ളതാണ്...!

    ആദ്യകാലങ്ങളിൽ അഞ്ചാനകളായിരുന്നു പൂരത്തിന് എഴുന്നള്ളിച്ചിരുന്നത്. എഴുന്നള്ളിപ്പിന് വന്നിരുന്ന ആനകൾ കേരളത്തിലെ തന്നെ തലയെടുപ്പിൽ മുൻനിരക്കാരും...! എഴുന്നള്ളിപ്പിനു മുൻപ് തലയെടുപ്പ് മത്സരമാണ്...
    ഒട്ടേറെ ആനക്കമ്പക്കാർ ആവേശത്തോടെ പങ്കെടുക്കുന്ന തലയെടുപ്പ് മത്സരത്തിൽ കൂട്ടത്തിൽ കേമനായ ആനയാണ് തിടമ്പേറ്റുക...!  

    വാദ്യമേളങ്ങളിൽ കേരളത്തിലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യ കലാകാരന്മാരും അണിനിരക്കുന്ന പഞ്ചവാദ്യം ആസ്വദിക്കാൻ ദൂരവിദൂരദേശങ്ങളിൽ നിന്നുപോലും ധാരാളം പൂരപ്രേമികൾ കണ്ണേങ്കാവിലേക്ക് എത്തിച്ചേരുക പതിവാണ്...!

    കണ്ണേങ്കാവ് പൂരം അതിന്റെ പ്രൗഢി വിളിച്ചോതുന്നതിൽ വിസ്മരിക്കാനാവാത്ത, നാലു ദിക്കുകാർ മത്സരിച്ചു നടത്തുന്ന വെടിക്കെട്ടിന്റെ വർണ്ണവിസ്മയംകൊണ്ടു കൂടിയാണെന്ന് രേഖപ്പെടുത്തേണ്ടതാണ്... പല ദേശങ്ങളിൽ നിന്നുള്ളവരായ പതിനായിരക്കണക്കിന് വെടിക്കെട്ട്‌ പ്രേമികളുടെ ഒരാണ്ടിന്റെ ആഘോഷക്കാഴ്ചയുട കാത്തിരിപ്പിന് ഓരോവർഷവും മാറ്റേറിവരുന്നു എന്നതും വർധിച്ചുവരുന്ന ആൾപ്പെരുപ്പത്തിന്റെ അത്ഭുതക്കാഴ്ചകൂടിയാണ്...!  

    കേരളത്തിലെ ക്ഷേത്രഉത്സവങ്ങൾ നാട്ടുനന്മയുടെ ഐക്യ പ്പെടലിന്റെ നേർക്കാഴ്ചകളാണ്...
    ജാതി-മത ഭേദമന്യേ മനുഷ്യ സൗഹൃദം ഊട്ടി യുറപ്പിക്കലിന്റെ കൂടിച്ചേരലുകൾ...

    കണ്ണേങ്കാവ് പൂരം മൂക്കുതലയുടെയും, ചുറ്റപ്പെട്ടുകിടക്കുന്ന സമീപ ഗ്രാമങ്ങളുടെയും മതനിരപരപേക്ഷതയുടെ പകരം വെക്കാനില്ലാത്ത മാനവീക ഐക്യപ്പെടലിന്റെ നേർക്കാഴ്ചയാണ്....

    ജ്യോലി തേടി വിദേശങ്ങളിൽ കുടിയേറിയവരിൽ മഹാ ഭൂരിപക്ഷംപേരും പൂരം കാണാൻ മാത്രമായി നാട്ടിലെത്തുന്നവരാണ്...!

    പോയകാല ഉത്സവക്കാഴ്ച്ചകളിൽ വേല വാണിഭങ്ങളുടെ സ്ഥാനം വളരെ വലുതാണ്...

    പുതുതലമുറക്ക് അവിശ്വസനീയമായി തോന്നുന്ന പതിരു വാണിഭത്തിൽ പെട്ട'ബാർട്ടർ' (Barter) സമ്പ്രദായം (കൈവശമുള്ള സാധനങ്ങൾ നൽകി ആവശ്യമുള്ളവ തിരികെ വാങ്ങുന്ന രീതി) പഴയകാലത്തെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള മുഖ്യ വാണിജ്യ വ്യവസ്ഥിതിയായിരുന്നു...

    കലർപ്പില്ലാത്ത കച്ചവടങ്ങൾ നടന്നിരുന്ന പഴയകാല ഗ്രാമച്ചന്തകൾ, വിപണന തന്ത്രങ്ങളുടെ പുത്തൻ ചിന്തകൾ പിന്തുടരുന്ന കപട നിർമ്മിതികൾ ഇടം പിടിക്കാത്ത കാലത്തിന്റെ ഹൃദ്യമായ കാഴ്ചകളായിരുന്നു...! പുത്തൻ കാലത്തിന്റെ കളങ്കിത കച്ചവടസംസ്കാരത്തിന്റെ വിഷക്കലർപ്പുകളും വിപണനക്കൊതിയും ചതിയുമില്ലാത്ത നല്ല കാല കച്ചവടത്തിന്റെ നേർക്കാഴ്ചകളായിരുന്നു പഴയകാല പതിരു വാണിഭങ്ങൾ എന്ന് പറയാതെ വയ്യ...!

    പുതിയകാല ഷോപ്പിങ് തന്ത്രങ്ങളെ പിന്നിലാക്കി, പൂർവ്വകാലങ്ങളിലേതു പോലെ ജനബാഹുല്യത്താൽ വിശിഷ്ടമായ കണ്ണേങ്കാവ് പൂരവാണിഭവും സാമൂഹിക സാമ്പത്തിക ഗതിവിഗതികളെ പിന്നിട്ട് ജനസാഗരം തീർത്ത് വിജയകരമായി കാലാന്തരങ്ങളെ അതിജീവിച്ചു പോരുന്നു...!

    മേളക്കൊഴുപ്പുള്ള തട്ടകപ്പൂരങ്ങളുടെ പിന്നാമ്പുറങ്ങളിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചില അനുഷ്ടാന കലകളുണ്ട്. വിവിധ വർണ്ണങ്ങളാലും ചടുല ചലനങ്ങളാലും തുകൽ വാദ്യങ്ങളുടെയും സുഷിര വാദ്യങ്ങളുടെയും അകമ്പടികളോടെ ക്ഷേത്രമുറ്റങ്ങളുടെ പുറംപടി വരെ മാത്രമെത്തുന്ന കീഴാള ദൈവങ്ങളുടെ ഈ പ്രാഗ്രൂപങ്ങൾ പുത്തൻ തലമുറകളുടെ ന്യൂജെൻ കെട്ടുകാഴ്ചകൾക്കിടയിൽ നിന്നും നിഷ്കാസിത മായിക്കൊണ്ടിരിക്കുന്നതിന്റെ തുടർച്ച എന്നോണം കണ്ണേങ്കാവ് പൂരവും അതിൽനിന്നും അന്യമാകുന്നില്ല എന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണെങ്കിലും കണ്ണേങ്കാവ് ദേവിയുടെ ഉപാസക കുടുംബങ്ങളിൽ നിന്നും അഭീഷ്ട സാധ്യത്തിനായി കെട്ടിയെഴുന്നള്ളിച്ച് ക്ഷേത്ര പുറംപടിവരെയെത്തുന്ന ആയിരത്തോളം കരിങ്കാളികൾ പഴയകലാരൂപങ്ങളിൽ ഇന്നും മികവേറിത്തന്നെ നിലകൊള്ളുന്നു...! 
    ഏറ്റവും കൂടുതൽ കരിങ്കാളികൾ കെട്ടിഎഴുന്നള്ളിയെത്തുന്ന കേരളത്തിലെ ഏക ക്ഷേത്രവും പൂരവും കണ്ണേങ്കാവ് ആണെന്നാണ് പറയപ്പെടുന്നത്...!

    വേല കൊട്ടിയറിയിക്കുന്ന മൂക്കൻചാത്തൻ, ദേവിയുടെ പ്രതിരൂപങ്ങളായി കെട്ടിയാടി വരുന്ന കാളിവേഷങ്ങൾ, തെയ്യം-തിറകൾ, പൂത വേഷങ്ങൾ, ആർപ്പും വിളിയുമായെത്തുന്ന തിത്തേര്യക്കുടകൾ...
    കൂട്ടത്തോടെ കൂക്കി വിളിച്ചെത്തുന്ന വിവിധ വലിപ്പത്തിലുള്ള കാളകൾ...
    മുതലായ വേല കെട്ടുകാഴ്ചകൾ വള്ളുവനാടിന്റെ ഇനിയും കാലം അപഹരിക്കാത്ത നന്മയുടെ ശേഷിപ്പുകളാണ്...

    (*മൂക്കൻചാത്തൻ:
    വള്ളുവനാടൻ നാട്ടൊരുമയുടെ പെരുമയായി കൊണ്ടാടുന്ന; തട്ടകങ്ങളിലെ വേല വിളിച്ചുണർത്താൻ വ്രതശുദ്ധിയോടെ, ചെണ്ടയുടെയും കുറുങ്കുഴലിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയിൽ, നാട്ടുപ്രമാണിയുടെ പടിപ്പുരക്ക് പുറത്തു ചെന്നുനിന്ന് കളംനിറഞ്ഞാടി നാട്ടുവഴികളിലലഞ്ഞും ഊരിലെ ഓരോ വീട്ടുമുറ്റങ്ങളിലുമെത്തി കളിച്ചും കൽപ്പനപറഞ്ഞും അരിയെറിഞ്ഞും കാവുകളിലെ വേലയുടെ വരവേൽപ്പ് സമ്പുഷ്ടമാക്കിപ്പോന്ന
    ഒരനുഷ്ടാനം)

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.